Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)
Meesapulimala (മീശപുലിമല ട്രെക്കിങ്ങ്)
2640 മീറ്റർ ഉയരമുള്ള മീശപുലിമല, ഗുജറാത്ത് അതിർത്തിലെ തപ്തി നദീതീരം മുതൽ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന സഹ്യപർവത നിരകളിലെ ട്രെക്ക് ചെയ്യാൻ അനുവദനീയമായ ഏറ്റവും ഉയരമുള്ള പർവതമാണ് (ഏറ്റവും ഉയരമുള്ള പർവതം 2690 മീറ്റർ ഉയരമുള്ള ആനമുടി ആണ്, എങ്കിലും അങ്ങോട്ട് പ്രവേശനം അനുവദനീയമല്ല). നയനമനോഹരമായ പുൽമേടുകൾ താണ്ടുമ്പോഴും മുകളിലെത്തുമ്പോഴും ഉള്ള കാഴ്ചകൾ അതിമനോഹരമാണ്. മേഘങ്ങൾ നമുക്കു താഴെ, ഇടക്ക് മഞ്ഞിൽ പൊതിയുന്ന മലകൾ, മഞ്ഞു മാറുമ്പോൾ കാണുന്ന വിസ്മയങ്ങൾ. നേപ്പാളിന്റെ ദേശിയ പുഷ്പവും അരുണാചൽ പ്രദേശിന്റെ ഔദ്യോഗിക പുഷ്‌പവുമായ റോഡോഡെൻഡ്രോൺ മീശപുലിമലയിൽ സാധാരണമാണ്. കുറിഞ്ഞി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയും കരിംകുളവും കണ്ടുള്ള KFDC മീശപുലിമല ട്രെക്കിങ്ങ് അത്യന്തം ഹൃദ്യവും ഓർമകളിൽ തങ്ങി നിൽക്കുന്നതുമാണ്. റോഡോ വാലിയിൽ നിന്നുമുള്ള ട്രെക്ക് താരതമ്യേനെ ആയാസരഹിതവുമായതിനാൽ ട്രെക്കിങ്ങിൽ മുൻപരിചയം ഇല്ലാത്തവർക്കും പരിഗണിക്കാവുന്നതാണ്.
മീശപുലിമല ട്രെക്കിങ്ങ് നടത്തുന്ന മൂന്നാർ KFDC ഉദ്യോഗസ്ഥരിൽ നിന്നും അറിഞ്ഞ ചില വിവരങ്ങൾ അത്ര സുഖകരമായിരുന്നില്ല. പരിസ്ഥിതി ദുർബല പ്രദേശമായ മീശപുലിമലയിലേക്കു നിയന്ത്രണ വിധേയമായാണ് KFDC ടൂറിസ്റ്റുകളെ കയറ്റി വിടുന്നത്. എന്നാൽ സമീപത്തുള്ള കൊളുക്കുമല വഴി ധാരാളം സഞ്ചാരികൾ നിയമ വിരുദ്ധമായി മീശപുലിമലയിൽ എത്തുന്നു. അതിരാവിലെ എത്തുന്ന ചിലർ മലമൂത്ര വിസർജനം നടത്തുന്നത് വരയാടുകളുടെ ആവാസ വ്യവസ്ഥിതിയിൽ ആണ്. പലരും ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും അലക്ഷ്യമായി വലിച്ചെറിയുന്നു. പ്ലാസ്റ്റിക് പെറുക്കി മാറ്റമെങ്കിലും മറ്റുള്ളവ അങ്ങനെ അല്ലലോ. ഇത് വരയാടുകളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആണ്. ഈ സ്ഥിതി തുടർന്നാൽ തമിഴ് നാടിന്റെ ഔദ്യോഗിക മൃഗം കൂടി ആയ വരയാട് മനുഷ്യ വിസർജ്യത്തിൽ നിന്നും മറ്റും സാംക്രമിക രോഗങ്ങൾ ബാധിച്ചു കൂട്ടത്തോടെ ചത്തൊടുങ്ങിയേക്കാം. നമ്മൾ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ട്ടം കഴിക്കുന്നതും ഇവക്കു ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാം (ശബരിമലയിൽ ചത്ത മ്ലാവിന്റെ വയറ്റിൽ നിന്നും നാലര കിലോ പ്ലാസ്റ്റിക് ആണ് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയത്). തെക്കേ ഇന്ത്യയിലെ സഹ്യപർവതത്തിന്റെ മനുഷ്യ സ്പർശമില്ലാത്തതും ഉയരമുള്ളതും ആയ മലനിരകൾ ആണ് വരയാടുകളുടെ ആവാസ വ്യവസ്ഥ. തമിഴ് നാട്ടിലും കേരളത്തിലുമായി 3122 വരയാടുകളാണ് അവശേഷിക്കുന്നത് എന്നാണ് WWF-India യുടെ സർവ്വേ ഫലം വ്യക്തമാക്കുന്നത് (സഹ്യപർവതത്തിൽ 2000 മീറ്ററിൽ കൂടുതൽ ഉയരമുള്ള മലകൾ കേരളത്തിലും തമിഴ് നാട്ടിലും മാത്രമേ ഉള്ളു). ഇവിടങ്ങളിലെ യൂക്കാലി കൃഷിയും ഇവയുടെ നിലനിൽപ്പിനു ഭൂഷകമല്ല.
മീശപുലിമല ട്രെക്കിങ്ങിനു
നിയമപരമായ ഒരേ ഒരു മാർഗം KFDC ആണ്. ബേസ് ക്യാമ്പിൽ ടെന്റിൽ ഉള്ള
താമസത്തിനു 2 പേർക്ക് 3500 രൂപ ആണ് ഈടാക്കുന്നത്. ഇതിനു സമീപമുള്ള സ്കൈ
കോട്ടജിൽ 2 പേർക്ക് 7000 രൂപയും. ബേസ് ക്യാമ്പിൽ നിന്നും 6-7 കിലോമീറ്റർ
അകലെ റോഡോ വാലിയിൽ സ്ഥിതി ചെയ്യുന്ന റോഡോ മാൻഷനിലും 2 പേർക്ക് 7000 രൂപ
ആണ്. സ്കൈ കോട്ടജിലും റോഡോ മാൻഷനിലും 1000 രൂപ അധികം നൽകി മൂന്നമതൊരാൾക്കു
കൂടി താമസിക്കാം. നല്ല കിടിലൻ ശാപ്പാടും താമസവും ട്രെക്കിങ്ങും ഗൈഡും ഒക്കെ
അടക്കമാണിത്. സ്കൈ കോട്ടേജിലെയും റോഡോ മാന്ഷനിലെയും ബുക്കിങ്ങിനു മൂന്നാർ
KFDC ഓഫീസിൽ നിന്നും ജീപ്പിൽ pickup & drop സൗകര്യം ഉണ്ട്. ബേസ്
ക്യാമ്പിലെ ടെന്റ് ആണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം. ബുക്കിങ്ങിനും കൂടുതൽ
വിവരങ്ങൾക്കും http:// www.kfdcecotourism.com സന്ദർശിക്കുക. ഫോൺ: 04865 230332
KFDC പാക്കേജ് അല്ലാതെയുള്ള മറ്റെല്ലാ വഴികളും നിയമ വിരുദ്ധമാണ്.
പിടിക്കപ്പെട്ടാൽ ഫൈൻ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകാം. കൊളുക്കുമലയിൽ നിന്നും
നൽകുന്ന 100 രൂപയുടെ പാസ് മീശപുലിമല കയറുവാനുള്ളതല്ല, തമിഴ്നാട്ടിലെ
പ്രൈവറ്റ് എസ്റ്റേറ്റിന് മീശപുലിമല കയറുവാനുള്ള പാസ് ഇഷ്യൂ ചെയ്യാനുള്ള
അധികാരവും ഇല്ല. ഈ പാസ്സ് വെച്ച് മീശപുലിമല കീഴടക്കിയതിന്റെ വീര സാഹസിക
കഥകൾ അല്ലാതെ പിടിക്കപ്പെട്ടവരുടെ കഥകൾ ഒന്നും സഞ്ചാരിയിൽ കണ്ടിട്ടില്ല.
കൂടാതെ ഈ വഴി മീശപുലിമലയിലേക്കുള്ള കയറ്റം അതീവ ദുഷ്‌കരവും കുത്തനെ ആയതിനാൽ
അപകടകരവും ആണ്. കേരള ഫോറസ്റ് ആക്ട് 1961 സെക്‌ഷൻ 27 e (iv) പ്രകാരം
റിസേർവ് ഫോറെസ്റ്റിൽ അതിക്രമിച്ചു കടക്കുന്നത് ഒരു വർഷം മുതൽ അഞ്ചു വർഷം
വരെ തടവും 1000 രൂപ മുതൽ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കൂടാതെ നാശനഷ്ടങ്ങൾ വരുത്തിയതായി തെളിഞ്ഞാൽ അതിനും പിഴയൊടുക്കേണ്ടി വരും.
അതിനാൽ കൊളുക്കുമല വഴിയുള്ള അനധികൃത യാത്രകൾ നമുക് ഒഴിവാക്കാം, അങ്ങനെ വരയാടുകളുടെയും പ്രകൃതിയുടെയും നാശത്തിനു കാരണമാകാതിരിക്കാം.
#Munnar #Messapulimala #KFDC #EcoTourism #Trekking
ചിത്രങ്ങൾക്കും വിവരണത്തിനും കടപ്പാട്: ടീം സഞ്ചാരി & ഗൂഗിൾ


Comments
Post a Comment