രാമക്കൽമേട് (Ramakkalmedu, Idukki)
രാമക്കൽമേട്
പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ്
രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ
ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം.
ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ
പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ
തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്.
കേരളത്തിന്റെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്കികാണുന്നതിന്റെ ത്രില്ല്
അവിടെ ചെന്നാൽ മാത്രമേ അറിയാൻ കഴിയു.
ഇടുക്കി ജില്ലയിൽ കേരള തമിഴ്നാട് അതിർത്തിയിൽ ആണ് രാമക്കൽമേട് സ്ഥിതി
ചെയ്യുന്നത്. ഈ മലയിൽ കയറി നിന്നാൽ തമിഴ്നാട്ടിലെ സമതലപ്രദേശങ്ങളുടെ
സൗന്ദര്യം ആസ്വദിക്കാം. വിമാനത്തിലെ വിൻഡോയിലൂടേ ഭൂമിയിലെ കാഴ്ചകൾ കാണുന്ന
അതേ അനുഭൂതിയായിരിക്കും ഇവിടെ എത്തിയാൽ നിങ്ങൾക്ക് ഉണ്ടാവുക.
ചരിത്ര പ്രധാന്യമുള്ള ഈ
മലനിരയിലേക്ക് നിരവധി സഞ്ചാരികൾ എത്താറുണ്ട്.
രാമക്കൽമേടിന് ആ പേര് ലഭിച്ചതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. ശ്രീരാമന്‍
തന്റെ പത്‌നിയായ സീതാദേവിയെ തിരഞ്ഞ് ഈ കുന്നിലെത്തിയെന്നാണ് വിശ്വാസം.
'രാമന്‍ കാല്‍ വെച്ച ഇടം' എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് രാമക്കൽമേട്
എന്ന പേര് ലഭിച്ചത്.
രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ടെങ്കിലും, ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ രാമക്കൽമേട് വികസിച്ചിട്ടില്ല. കുന്നുകയറി എത്തുമ്പോൾ ഒന്ന് രണ്ട് ചായപീടികകളോക്കെ കണ്ടേക്കാം എന്നതിലുപരി ഭക്ഷണം കിട്ടാനുള്ള സ്ഥലം പോലുമില്ല.
ട്രെക്കിംഗ് പ്രിയരുടെ ഇഷ്ടകേന്ദ്രമാണ് ഈ സ്ഥലം അതിനാൽ നിരവധിപ്പേരാണ്
രാമക്കൽമേട്ടിലേക്ക് കയറുന്നത്. എന്നാൽ മഴക്കാലത്ത് വഴുതൽ ഉണ്ടാകും
എന്നതിനാൽ പാറകളിൽ കയറുന്നത് ഒഴിവാക്കുക. മാത്രമല്ല അതിസാഹസികരാകാൻ
ശ്രമിച്ച് അപകടങ്ങൾ ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
കുറവനും കുറത്തിയും
വ്യൂപോയിന്റ് മലയ്ക്ക് അടുത്തായുള്ള മറ്റൊരു മലയിൽ കുറവന്റേയും
കുറത്തിയുടേയും ശിൽപങ്ങൾ കാണാം. ഇടുക്കിഡമുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലെ
കഥാപാത്രങ്ങളാണ് ഇത്.
മൂന്നാറിലോ തേക്കടിയിലോ സന്ദർശിക്കമ്പോൾ രാമക്കൽമേടും സന്ദർശിക്കാൻ
മറക്കേണ്ട. മൂന്നാറിൽ നിന്ന് എഴുപതും തേക്കടിയിൽ നിന്ന് 43 കിലോമീറ്ററുമാണ്
ഇവിടേയ്ക്കുള്ള ദൂരം. ഇടുക്കിയിലെ പ്രധാനനഗരമായ കട്ടപ്പനയിൽ നിന്ന് 20
കിലോമീറ്റർ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.




Comments
Post a Comment